Latest Updates

വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കുന്നത് ശിക്ഷാർഹമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ‍ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.  1950-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നിലധികം തവണയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പാടില്ല.  ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം ബോധപൂർവ്വം മറച്ചുവച്ച് മറ്റൊരു സ്ഥലത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് 1950-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 പ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.  നിലവിൽ ഇത്തരത്തിൽ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിൽ സ്ഥിരം താമസമില്ലാത്ത സ്ഥലത്തെ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കേണ്ടതാണ്.  ഇതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്സ് പോർട്ടലിൽ (voters.eci.gov.in) ഓൺലൈനായി വോട്ടർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.  കൂടാതെ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെയോ, ബൂത്ത് ലെവൽ ഓഫീസറുടെയോ സഹായം തേടാവുന്നതുമാണ്. ഒരു സ്ഥലത്ത് നിന്നും താമസം മാറുമ്പോള്‍ വോട്ടർ പട്ടികയിൽ നിന്നും പുതിയ സ്ഥലത്തേയ്ക്ക് പേര് മാറ്റുന്നതിന് ഫോം 8-ൽ അപേക്ഷ നൽകണം.  ഇതിനു പകരം പുതിയ സ്ഥലത്ത് ഫോം 6-ൽ വിവരങ്ങള്‍ ബോധപൂർവ്വം മറച്ചുവച്ച് പുതിയ അപേക്ഷ നൽകുന്നത് കുറ്റകരമാണ്.   ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒന്നിലധികം തിരിച്ചറിയൽ കാർഡുകള്‍ കൈവശമുള്ളവരും എത്രയും പെട്ടെന്ന് അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ സമീപിക്കേണ്ടതാണ്.  നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ വോട്ടർ പട്ടിക സൂക്ഷ്മ പരിശോധന നടത്തി ബോധപൂർവ്വം ഒന്നിലധികം തവണ പേര് ചേർത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും (ജില്ലാ കളക്ടർ) നിർദ്ദേശം നൽകിയിട്ടുണ്ട്.  വോട്ടർ പട്ടികയുടെ ശുദ്ധീകരണത്തിൽ എല്ലാവരും പങ്കാളികളാകുവാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ  ഡോ. രത്തൻ യു. ഖേൽക്കർ അഭ്യർത്ഥിച്ചു. 

Get Newsletter

Advertisement

PREVIOUS Choice